പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലക്കുന്നത് രാജ്യത്തെ സാമ്പത്തിക സ്ഥിതി രൂക്ഷമാക്കും: മുഖ്യമന്ത്രി

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്‌ക്കുന്നത്‌ കാരണം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായി പ്രവർത്തിച്ച നവരത്‌ന സ്ഥാപനങ്ങൾവരെ വിൽക്കുകയാണ്‌. ഏറ്റവും നല്ലത്‌ വിറ്റാൽ കൂടുതൽ കാശു കിട്ടുമെന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസർമാരുടെ സംഘടനയായ സ്‌പാറ്റോയുടെ സംസ്ഥാന സമ്മേളനത്തിനു സമാപനംകുറിച്ചുള്ള പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രനയത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങൾ പലവിധ ഭീഷണിയാണ്‌ നേരിടുന്നത്‌. സ്ഥാപനങ്ങളുടെ പൊതുമേഖലാ സ്വഭാവം നഷ്ടപ്പെടുത്തി സ്വകാര്യമേഖലയെ ഏൽപ്പിക്കാനുള്ള നീക്കമാണ്‌ കേന്ദ്ര സർക്കാരിന്റേത്. എന്നാൽ പൊതുമേഖലയെ സംരക്ഷിക്കുന്നതിനുതകുന്ന സമീപനമാണ്‌ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. അത് വൻ വിജയകരവുമാണെന്നാണ് കഴിഞ്ഞ കാലങ്ങളിൽ തെളിയിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വലിയ നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം നികത്താനും മൊത്തത്തിൽ ലാഭത്തിലേക്കു കൊണ്ടുവരാനും സർക്കാരിനു കഴിഞ്ഞു. ഓരോ സ്ഥാപനത്തിനും കുറ്റമറ്റ മാനേജ്‌മെന്റ്‌ സംവിധാനമുണ്ടാക്കുക, വളർച്ചയ്‌ക്ക്‌ ഉതകുംവിധം ഇടപെടാനുള്ള സംവിധാനമൊരുക്കുക, കൃത്യമായ പരിശോധന സംവിധാനമുണ്ടാക്കുക എന്നൊക്കെയുള്ള സമീപനം സർക്കാർ സ്വീകരിച്ചതോടെയാണ് ഇത്തരത്തിലൊരു വിജയം ഉണ്ടായത്. കേരളത്തിലെ കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാൻ പാടില്ല എന്ന്‌ സംസ്ഥാനം പറയുമ്പോൾ ചെയ്‌തേ അടങ്ങൂ എന്ന നിർബന്ധത്തിലാണ്‌ കേന്ദ്രം. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ഞങ്ങളെ എൽപ്പിക്കൂ ഞങ്ങൾ നടത്താം എന്നാണ്‌ സംസ്ഥാനം ആവശ്യപ്പെടുന്നത്‌. അതിനും പലവിധ ഉടക്കുകളുമായി വരികയാണ്‌ കേന്ദ്ര സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

സ്‌പാറ്റോ പ്രസിഡന്റ്‌ വി.സി. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നിമൽ രാജ്‌ സ്വാഗതവും ആനക്കൈ ബാലകൃഷ്‌ണൻ നന്ദിയും പറഞ്ഞു.

രാജ്യം കടന്ന് പോകുന്നത് കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെ: പ്രൊഫ. ജയന്തി ഘോഷ്

രാജ്യം ഇന്ന് കടന്ന് പോകുന്നത് കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെയെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും ജെ.എൻ.യു സെന്റർ ഫോർ ഇക്കണോമിക്സ് സ്റ്റഡീസ് ആന്റ് പ്ലാനിംങ്ങ് ചെയർപേഴ്സണുമായ പ്രൊഫ. ജയന്തി ഘോഷ്. സ്റ്റേറ്റ് പബ്ലിക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെ‍ഡ‍റേഷന്റെ അഞ്ചാം സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ച് ഇന്ത്യൻ സാമ്പത്തിക മാന്ദ്യവും മുതലാളിത്ത പ്രതിസന്ധിയും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയാിരുന്നു അവർ.

പൗരത്വനിയമം തീക്കളം ആയ അവസ്ഥയാണ് രാജ്യ തലസ്ഥാനത്ത്. ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികളെ ക്യാംപസിൽ കയറിയാണ് പൊലീസ് നേരിട്ടത്. നിരവധി വിദ്യാർഥികൾക്ക് പോലീസ് അതിക്രമത്തിൽ പരിക്കേറ്റു. ഇത്തരത്തിൽ അസാധാരണമായ സംഭവങ്ങളാണ് രാജ്യത്തിന്റെ പല ഭാഗത്തും വ്യാപിച്ചു കൊണ്ട് ഇരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

രാജ്യത്തെ സാമ്പത്തിക രം​ഗം ഇന്ന് അതീവ ​ഗുരുതരാവസ്ഥയാലാണ്. സമീപകാലത്ത് ഇന്ത്യൻ സാമ്പത്തിക രംഗം നേരിടുന്ന തകർച്ചയാണ് വിദേശനിക്ഷേപകരെ രാജ്യത്തുനിന്ന് അകറ്റുന്നത്. 2013 മുതൽക്കുള്ള ഏറ്റവും മോശം അവസ്ഥയിലേക്ക് സാമ്പത്തികസ്ഥിതി മുന്നോട്ട് പോയി. സ്വകാര്യ കുത്തകകളുടെ വളർച്ചയ്ക്ക് തടസ്സംനിൽക്കുന്നത് പൊതുമേഖലകളാണ്. ഇത് ഇല്ലാതാക്കാനാണ് കേന്ദ്രം പൊതുമേഖലാസ്ഥാപനങ്ങൾ വിൽക്കുന്നത്. കോർപ്പറേറ്റുകളും രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥമേധാവികളും ഒന്നിക്കുന്ന കൂട്ടുകെട്ടാണ് പുതിയ കാലത്ത് സമ്പത്ത് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത്. വർഗസമരത്തിലൂടെ അല്ലാതെ രാജ്യത്തെ മാറ്റാൻ കഴിയില്ല. മാറ്റത്തിന് കാതോർക്കുന്ന ജനത്തെ വർഗസമരത്തിലേക്ക് നയിക്കാൻ സാധിക്കണമെന്നുംഅവർ പറഞ്ഞു.

രാജ്യത്ത് പുതിയ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്.എന്താണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെന്നും എങ്ങനെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വേണ്ടതെന്നും അറിഞ്ഞായിരിക്കണം ഇനി ഒരു മാറ്റം കൊണ്ടു വരേണ്ടത്. ഭരണ നേതൃത്വത്തിനും അതില്‍ വ്യക്തമായ ധാരണ വേണം. ഇന്ത്യയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്‍റെ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയെ തളർത്തി. ആഗോള സമ്പദ്‍വ്യവസ്ഥ കൂടുതല്‍ ഉയരത്തിലേക്ക് കുതിക്കുന്നതിന് ഇടയ്ക്ക് ആണ് ഇന്ത്യയുടെ വീഴ്ച്ച. 2012 മുതല്‍ 2016 വരെ ഇന്ത്യ അതിവേഗ വളര്‍ച്ച പ്രകടിപ്പിച്ചിരുന്നു. അതിനിടയില്‍ നോട്ട് നിരോധനവും ജിഎസ്ടിയും വന്നതോടെ ഇന്ത്യയുടെ വളര്‍ച്ചയെ അത് ഗുരുതരമായി ബാധിച്ചു. കർഷകർക്ക് വേണ്ടത്ര സഹായം കിട്ടാത്തതും കാർഷിക മേഖലയിലെ തളർച്ചയും സാമ്പത്തിക വളർച്ചക്ക് വളരെ ദോഷം ചെയ്യുന്നതാണ്. തൊഴിവസരങ്ങൾ സൃഷ്ടിക്കാതെ തൊഴിലില്ലായ്മ രാജ്യത്ത് കൂടി കൂടി വരുകയാണെന്ന് പ്രൊഫ. ജയന്തി ഘോഷ് അഭിപ്രായപ്പെട്ടു

വി.സി.ബിന്ദു പ്രസിഡന്റ്, ആനക്കൈ ബാലകൃഷണൻ ജന.സെക്രട്ടറി

സ്റ്റേറ്റ് പബ്ലിക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെ‍ഡ‍റേഷന്റെ (സ്പാറ്റൊ) പുതിയ സംസ്ഥാന പ്രസിഡന്റായി വി. സി ബിന്ദുവിനേയും, ജനറൽ സെക്രട്ടറിയായി ആനക്കൈ ബാലകൃഷണനേയും തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അഞ്ചാമത് സംസ്ഥാന സമ്മേളനമാണ് ഇവരെ ഭാരവാഹികളായി തിരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റുമാരായി സുനിൽ ബി, പദ്മകുമാർ . ആർ, ഡോ. എം. മോഹനൻ, സെക്രട്ടറിമാരായി ബിജു എസ്.ബി, അജിത് കുമാർ .പി, അനീഷ് .എസ്. പ്രസാദ്, പ്രമോദ് എം, എന്നിവരേയും, ട്രഷറർ ആയി പ്രദീപ് കുമാർ പി യേയും തിരഞ്ഞെടുത്തു. സമ്മേളനം തിങ്കളാഴ്ച സമാപിക്കും.

പൊതു സമ്മേളനം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സാപ്റ്റൊ സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 തിന് എ.കെ.ജി ഹാളിൽ വെച്ചാണ് പരിപാടി. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആശംസകൾ നേരും.

ഇതിന് മുന്നോടിയായ രാവിലെ 10 മണി മുതൽ ഇന്ത്യൻ സാമ്പത്തിക മാന്ദ്യവും മുതലാളിത്ത പ്രതിസന്ധിയും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിൽ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും ജെ.എൻ.യു സെന്റർ ഫോർ ഇക്കണോമിക്സ് സ്റ്റഡീസ് ആന്റ് പ്ലാനിംങ്ങ് ചെയർപേഴ്സണുമായ പ്രൊഫ.ജയന്തി ഘോഷ് മുഖ്യ പ്രഭാഷണവും പ്രമുഖ സാമ്പത്തിക വിദഗ്ധനും ഭാരതി ദാസൻ സർവ്വകലാശാല അധ്യാപകനുമായ പ്രൊഫ. വെങ്കടേഷ് ആത്രേയ അനുബന്ധ പ്രഭാഷണവും നടത്തും. കെ.ജി.ഒ.എ.സംസ്ഥന ജനറൽ സെക്രട്ടറി രഘു ലാൽ അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ ഡോ.കെ.ഗോപകമാർ വിഷയാവതരണവും സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.കെ.എൻ ഹരിലാൽ ആശയ സംഗ്രഹം നിർവ്വഹിക്കും.

മതനിരപേക്ഷതയും ഇന്ത്യൻ ജനാധിപത്യവും എന്ന വിഷയത്തിൽ ഉച്ചയ്ക്ക് 2.15 ന് നടക്കുന്ന സെമിനാറിൽ ഉന്നത വിദ്യാഭാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ മുഖ്യ പ്രഭാഷണവും ചരിത്ര പണ്ഡിതനായ ഡോ.കെ.എൻ.ഗണേഷ് അനുബന്ധ പ്രഭാഷണവും നടത്തും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ പ്രഭാഷണങ്ങളുടെ ആശയ സംഗ്രഹം നിർവ്വഹിക്കും. കെ.എസ്.ഇ.ബി.ഒ.എ. സംസ്ഥാന പ്രസിഡണ്ട് ജെ.സത്യരാജ് അധ്യക്ഷത വഹിക്കും.

സ്പാറ്റോ സംസ്ഥാന സമ്മേളനത്തിന് ​ഗംഭീര തുടക്കം

തിരുവനന്തപുരം; സ്റ്റേറ്റ് പബ്ലിക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെ‍ഡ‍റേഷന്റെ അഞ്ചാം സംസ്ഥാന സമ്മേളനത്തിന് തലസ്ഥാനത്ത് ​ഗംഭീര തുടക്കം. തലസ്ഥാത്തെ എ.കെ.ജി ഹാളിൽ നടക്കുന്ന സംസ്ഥാന സമ്മേളനം സി പി ഐ (എം) കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമം പ്രകടമായി മുസ്ലിം സമുദായത്തിന് എതിരാണ്. ഭരണഘടനക്ക് എതിരായ ഈ നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുവാൻ തീരുമാനിച്ചതിനെ തുർന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ പ്രതിപക്ഷം തയ്യാറായിട്ടുണ്ടന്നും അത് സംസ്ഥാന താൽപര്യങ്ങൾക്ക് ​ഗുണകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊതു മേഖല സ്ഥാപനങ്ങളുടെ വികസനത്തിന് വേണ്ടി ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. എൽഡിഎഫ് ഭരണത്തിന് കീഴിൽ പൊതു മേഖല സ്ഥാപനങ്ങളെ അടച്ച് പൂട്ടാൻ അനുവദിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പാറ്റൊ വർക്കിംഗ് പ്രസിഡന്റ് ആനക്കൈ ബാലകൃഷണൻ അധ്യക്ഷത വഹിച്ച യോ​ഗത്തിൽ ,എഫ് എസ് ഇ ടി ഒ ജനറൽ സെക്രട്ടറി മാത്തുക്കുട്ടി ടി സി, സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി അശോക് കുമാർ കെ എൻ , തുടങ്ങിയവർ സംസാരിച്ചു. സ്പാറ്റൊ ജനറൽ സെക്രട്ടറി ഡോ. കെ ​ഗോപകുമാർ റിപ്പോർട്ടും, ട്രഷറർ പി. അജിത് കുമാർ കണക്കും അവതരിപ്പിച്ചു. സ്പാറ്റൊ വൈസ് പ്രസിഡന്റ് ബിന്ദു വി.സി സ്വാ​ഗതവും, സെക്രട്ടറി എസ്.ബി ബിജു നന്ദിയും രേഖപ്പെടുത്തി.

സ്പാറ്റോ സംസ്ഥാനസമ്മേളനം 15, 16 തീയതികളില്‍ തിരുവനന്തപുരത്ത്

സംസ്ഥാനത്തെ പൊതുമേഖലാ-സ്വയംഭരണസ്ഥാപനങ്ങളിലെ ഓഫീസര്‍മാരുടെ സംഘടനയായ സ്റ്റേറ്റ് പബ്ലിക് സെക്ടര്‍ ആന്‍ഡ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്‌സ് ഫെഡറേഷ(സ്പാറ്റോ)ന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ 15, 16 തീയതികളിലായി തിരുവനന്തപുരത്ത് നടക്കുമെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ.​ഗോപകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയം മൂലം പൊതുമേഖലാ-സ്വയംഭരണസ്ഥാപനങ്ങളുടെ നിലനില്‍പ്പ് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാനസമ്മേളനം നടക്കുന്നത് . സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം 15ന് നും, പൊതുസമ്മേളനം 16നും നടക്കും സമ്മേളനത്തോട് അനുബന്ധിച്ച് കാലികമായ വിഷയങ്ങളിൽ സെമിനാറുകളും നടക്കും.

ഡിസംബര്‍ 15ന് രാവിലെ 10 മണിയ്ക്ക് ഹസ്സന്‍ മരയ്ക്കാര്‍ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സി പി ഐ (എം) കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സ്പാറ്റോ വര്‍ക്കിംഗ് പ്രസിഡന്റ് ആനക്കൈ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എഫ് എസ് ഇ ടി ഒ ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി, സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ എന്‍ അശോക് കുമാര്‍ എന്നിവർ ആശംസകളർപ്പിക്കും. സ്പാറ്റൊ ജനറൽ സെക്രട്ടറി ഡോ.കെ.ഗോപകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അജിത് കുമാർ സംഘടനയുടെ വരവ് – ചെലവ് കണക്കും അവതരിപ്പിക്കും. സ്പാറ്റൊ വൈസ് പ്രസിഡണ്ട് ബിന്ദു.വി സി സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിജു എസ്.ബി നന്ദിയും പ്രകാശിപ്പിക്കും. സംഘടനയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രതിനിധി സമ്മേളനം തിരഞ്ഞെടുക്കും. വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 400 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തിന്റെ രണ്ടാം ദിവസമായ 16 ന് തിങ്കളാഴ്ച എ.കെ.ജി.ഹാളിൽ രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയുംസെക്രട്ടറി ആനാവൂർ നാഗപ്പൻ ആശംസകൾ നേരും. തുടർന്ന് ഇന്ത്യൻ സാമ്പത്തിക മാന്ദ്യവും മുതലാളിത്ത പ്രതിസന്ധിയും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിൽ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും ജെ.എൻ.യു സെന്റർ ഫോർ ഇക്കണോമിക്സ് സ്റ്റഡീസ് ആന്റ് പ്ലാനിംങ്ങ് ചെയർപേഴ്സണുമായ പ്രൊഫ.ജയതി ഘോഷ് മുഖ്യ പ്രഭാഷണവും പ്രമുഖ സാമ്പത്തിക വിദഗ്ധനും ഭാരതി ദാസൻ സർവ്വകലാശാല അധ്യാപകനുമായ പ്രൊഫ. വെങ്കടേഷ് ആത്രേയ അനുബന്ധ പ്രഭാഷണവും നടത്തും. കെ.ജി.ഒ.എ.സംസ്ഥന ജനറൽ സെക്രട്ടറി രഘുലാൽ അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ ഡോ.കെ.ഗോപകമാർ വിഷയാവതരണവും സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.കെ.എൻ ഹരിലാൽ ആശയ സംഗ്രഹം നിർവ്വഹിക്കും.

മതനിരപേക്ഷതയും ഇന്ത്യൻ ജനാധിപത്യവും എന്ന വിഷയത്തിൽ ഉച്ചയ്ക്ക് 2.15 ന് നടക്കുന്ന സെമിനാറിൽ ഉന്നത വിദ്യാഭാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ മുഖ്യ പ്രഭാഷണവും ചരിത്ര പണ്ഡിതനായ ഡോ.കെ.എൻ.ഗണേഷ് അനുബന്ധ പ്രഭാഷണവും നടത്തും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ പ്രഭാഷണങ്ങളുടെ ആശയ സംഗ്രഹം നിർവ്വഹിക്കും. കെ.എസ്.ഇ.ബി.ഒ.എ.സംസ്ഥാന പ്രസിഡണ്ട് ജെ.സത്യരാജ് അധ്യക്ഷത വഹിക്കും.