ജനുവരി 8 ലെ ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന നീക്കത്തിലും, തൊഴില്‍ ചട്ട പരിഷ്‌കരണത്തിലും പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന് സ്റ്റേറ്റ് പബ്ലിക് സെക്ടര്‍ ആന്‍ഡ് ഓട്ടോണമസ് ബോര്‍ഡീസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (സ്പാറ്റോ) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സമ്പദ്ഘടനയുടെ നെടുംതൂണുകളായ മഹാരത്‌ന പൊതുമേഖലാ സ്ഥാപനങ്ങളടക്കം ചുളുവിലയ്ക്ക് കുത്തകകള്‍ക്ക് തീറെഴുതികൊടുക്കുവാനുള്ള ഗൂഢ പദ്ധതികളാണ് അണിയറയില്‍ നടക്കുന്നത്. റെയില്‍വേ, പ്രതിരോധ മേഖല, ഉല്‍പ്പന്ന വ്യവസായങ്ങള്‍, എയര്‍ ഇന്ത്യ, തുറമുഖം, കല്‍ക്കരി തുടങ്ങി രാജ്യത്തിന്റെ സുപ്രധാന മേഖലകള്‍ എല്ലാം സ്വകാര്യവല്‍ക്കരിക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

പൊതുമേഖല സംരക്ഷിക്കുന്നതിനുവേണ്ടി രാജ്യവ്യാപകമായി ഉയര്‍ന്നുവരുന്ന ജനകീയ രോക്ഷത്തിന്റെ വിളംബരമായി മാറുന്ന ദേശീയ പണിമുടക്കിന് സ്പാറ്റോ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സ്പാറ്റോ സംസ്ഥാന പ്രസിഡന്റ് വി.സി. ബിന്ദുവും ജനറൽ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണനും അറിയിച്ചു.