പൊതു സമ്മേളനം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സാപ്റ്റൊ സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 തിന് എ.കെ.ജി ഹാളിൽ വെച്ചാണ് പരിപാടി. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആശംസകൾ നേരും.

ഇതിന് മുന്നോടിയായ രാവിലെ 10 മണി മുതൽ ഇന്ത്യൻ സാമ്പത്തിക മാന്ദ്യവും മുതലാളിത്ത പ്രതിസന്ധിയും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിൽ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും ജെ.എൻ.യു സെന്റർ ഫോർ ഇക്കണോമിക്സ് സ്റ്റഡീസ് ആന്റ് പ്ലാനിംങ്ങ് ചെയർപേഴ്സണുമായ പ്രൊഫ.ജയന്തി ഘോഷ് മുഖ്യ പ്രഭാഷണവും പ്രമുഖ സാമ്പത്തിക വിദഗ്ധനും ഭാരതി ദാസൻ സർവ്വകലാശാല അധ്യാപകനുമായ പ്രൊഫ. വെങ്കടേഷ് ആത്രേയ അനുബന്ധ പ്രഭാഷണവും നടത്തും. കെ.ജി.ഒ.എ.സംസ്ഥന ജനറൽ സെക്രട്ടറി രഘു ലാൽ അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ ഡോ.കെ.ഗോപകമാർ വിഷയാവതരണവും സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.കെ.എൻ ഹരിലാൽ ആശയ സംഗ്രഹം നിർവ്വഹിക്കും.

മതനിരപേക്ഷതയും ഇന്ത്യൻ ജനാധിപത്യവും എന്ന വിഷയത്തിൽ ഉച്ചയ്ക്ക് 2.15 ന് നടക്കുന്ന സെമിനാറിൽ ഉന്നത വിദ്യാഭാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ മുഖ്യ പ്രഭാഷണവും ചരിത്ര പണ്ഡിതനായ ഡോ.കെ.എൻ.ഗണേഷ് അനുബന്ധ പ്രഭാഷണവും നടത്തും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ പ്രഭാഷണങ്ങളുടെ ആശയ സംഗ്രഹം നിർവ്വഹിക്കും. കെ.എസ്.ഇ.ബി.ഒ.എ. സംസ്ഥാന പ്രസിഡണ്ട് ജെ.സത്യരാജ് അധ്യക്ഷത വഹിക്കും.