പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലക്കുന്നത് രാജ്യത്തെ സാമ്പത്തിക സ്ഥിതി രൂക്ഷമാക്കും: മുഖ്യമന്ത്രി

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്‌ക്കുന്നത്‌ കാരണം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായി പ്രവർത്തിച്ച നവരത്‌ന സ്ഥാപനങ്ങൾവരെ വിൽക്കുകയാണ്‌. ഏറ്റവും നല്ലത്‌ വിറ്റാൽ കൂടുതൽ കാശു കിട്ടുമെന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസർമാരുടെ സംഘടനയായ സ്‌പാറ്റോയുടെ സംസ്ഥാന സമ്മേളനത്തിനു സമാപനംകുറിച്ചുള്ള പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രനയത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങൾ പലവിധ ഭീഷണിയാണ്‌ നേരിടുന്നത്‌. സ്ഥാപനങ്ങളുടെ പൊതുമേഖലാ സ്വഭാവം നഷ്ടപ്പെടുത്തി സ്വകാര്യമേഖലയെ ഏൽപ്പിക്കാനുള്ള നീക്കമാണ്‌ കേന്ദ്ര സർക്കാരിന്റേത്. എന്നാൽ പൊതുമേഖലയെ സംരക്ഷിക്കുന്നതിനുതകുന്ന സമീപനമാണ്‌ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. അത് വൻ വിജയകരവുമാണെന്നാണ് കഴിഞ്ഞ കാലങ്ങളിൽ തെളിയിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വലിയ നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം നികത്താനും മൊത്തത്തിൽ ലാഭത്തിലേക്കു കൊണ്ടുവരാനും സർക്കാരിനു കഴിഞ്ഞു. ഓരോ സ്ഥാപനത്തിനും കുറ്റമറ്റ മാനേജ്‌മെന്റ്‌ സംവിധാനമുണ്ടാക്കുക, വളർച്ചയ്‌ക്ക്‌ ഉതകുംവിധം ഇടപെടാനുള്ള സംവിധാനമൊരുക്കുക, കൃത്യമായ പരിശോധന സംവിധാനമുണ്ടാക്കുക എന്നൊക്കെയുള്ള സമീപനം സർക്കാർ സ്വീകരിച്ചതോടെയാണ് ഇത്തരത്തിലൊരു വിജയം ഉണ്ടായത്. കേരളത്തിലെ കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാൻ പാടില്ല എന്ന്‌ സംസ്ഥാനം പറയുമ്പോൾ ചെയ്‌തേ അടങ്ങൂ എന്ന നിർബന്ധത്തിലാണ്‌ കേന്ദ്രം. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ഞങ്ങളെ എൽപ്പിക്കൂ ഞങ്ങൾ നടത്താം എന്നാണ്‌ സംസ്ഥാനം ആവശ്യപ്പെടുന്നത്‌. അതിനും പലവിധ ഉടക്കുകളുമായി വരികയാണ്‌ കേന്ദ്ര സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

സ്‌പാറ്റോ പ്രസിഡന്റ്‌ വി.സി. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നിമൽ രാജ്‌ സ്വാഗതവും ആനക്കൈ ബാലകൃഷ്‌ണൻ നന്ദിയും പറഞ്ഞു.