ആമുഖം

തൊണ്ണൂറുകളുടെ ആരംഭത്തിലാണ് നവലിബറൽ നയങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കിത്തുടങ്ങിയത്. തുടർന്ന് ഏകദേശം ഒരു ദശാബ്ദം പിന്നിട്ടപ്പോൾ തന്നെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടേയും സ്വയം ഭരണ സ്ഥാപനങ്ങളുടേയും അടിത്തറയിളകാൻ തുടങ്ങിയിരുന്നു. സ്ഥാപനങ്ങളുടെ നിലനിൽപ് ആശങ്കയിലായ സാഹചര്യത്തിൽ, ട്രേഡ് യൂണിയൻ അവകാശങ്ങളില്ലാത്ത ഓഫീസർമാർ അവർക്കും ഒരു സംഘടന വേണമെന്ന് ചിന്തിക്കുകയും 1999 ൽ സ്‌പാറ്റൊക്ക് രൂപം കൊടുക്കുകയും ചെയ്തു. രൂപം കൊണ്ട നാൾ മുതൽ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുന്നതിനും ബലഹീനമാക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളേയും ചെറുത്തു നിന്ന സ്‌പാറ്റൊ അവയുടെ നിലനില്പും ശാക്തീകരണവും മുൻ നിർത്തി ഒട്ടനവധി ചെറുതും വലുതുമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

ഒരു വശത്ത് ഭരണപരമായ ബലഹീനതകളും മറുവശത്ത് ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും അസംതൃപ്തിയും സ്ഥാപനങ്ങളുടെ മുന്നോട്ട് പോക്കിനേയും പുരോഗതിയേയും സാരമായി ബാധിക്കുന്നുണ്ട്. തീർത്തും അശാസ്ത്രീയമായ, കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെടാത്ത സേവനവേതന വ്യവസ്ഥകളാണ് സംസ്ഥാനത്തെ ഒട്ടുമിക്ക പൊതുമേഖലാ സ്വയം ഭരണ സ്ഥാപനങ്ങളിലും നില നിൽക്കുന്നത്. സർവ്വീസിലുള്ളപ്പോഴും റിട്ടയർ ചെയ്തതിനു ശേഷവും അന്തസ്സുള്ള ജീവിതം ഉദ്യോഗസ്ഥർക്ക് നൽകാൻ നിലവിലുള്ള സേവനവേതന വ്യവസ്ഥകൾ പര്യാപ്തമല്ല. സാങ്കേതിക വൈദഗ്ധ്യവും കഴിവുമുള്ള ഉദ്യോഗസ്ഥരുണ്ടായിരിക്കേണ്ടത് ഏതൊരു സ്ഥാപനത്തിന്റേയും നിലനില്പിനും ശാക്തീകരണത്തിനും ഏറ്റവും അത്യന്താപേക്ഷിതമാണ്. മിടുക്കരായ, കഴിവുള്ള പ്രൊഫഷണലുകളെ സംതൃപ്തരായി നില നിർത്തുന്നതിനോ, പുറത്ത് നിൽക്കുന്ന വൈദഗ്ധ്യമുള്ളവരെ ആകർഷിക്കുന്നതിനോ ഇവയ്ക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക, വൈജ്ഞാനിക രംഗത്ത് വിപുലമായ സംഭാവന ചെയ്യാൻ സാധിക്കുന്ന പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണപരമായ ശാക്തീകരണവും അവയിലെ ഉദ്യോഗസ്ഥരുടെ സേവന വേതന വ്യവസ്ഥകളുടെ മെച്ചപ്പെടുത്തലും ഏറ്റവും ആവശ്യമാണെന്ന് സ്‌പാറ്റൊ വിലയിരുത്തുന്നു.