സ്പാറ്റോ സംസ്ഥാന സമ്മേളനത്തിന് ഗംഭീര തുടക്കം
തിരുവനന്തപുരം; സ്റ്റേറ്റ് പബ്ലിക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെഡറേഷന്റെ അഞ്ചാം സംസ്ഥാന സമ്മേളനത്തിന് തലസ്ഥാനത്ത് ഗംഭീര തുടക്കം. തലസ്ഥാത്തെ എ.കെ.ജി ഹാളിൽ നടക്കുന്ന സംസ്ഥാന സമ്മേളനം സി പി ഐ (എം) കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമം പ്രകടമായി മുസ്ലിം സമുദായത്തിന് എതിരാണ്. ഭരണഘടനക്ക് എതിരായ ഈ നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുവാൻ തീരുമാനിച്ചതിനെ തുർന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ പ്രതിപക്ഷം തയ്യാറായിട്ടുണ്ടന്നും അത് സംസ്ഥാന താൽപര്യങ്ങൾക്ക് ഗുണകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊതു മേഖല സ്ഥാപനങ്ങളുടെ വികസനത്തിന് വേണ്ടി ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. എൽഡിഎഫ് ഭരണത്തിന് കീഴിൽ പൊതു മേഖല സ്ഥാപനങ്ങളെ അടച്ച് പൂട്ടാൻ അനുവദിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പാറ്റൊ വർക്കിംഗ് പ്രസിഡന്റ് ആനക്കൈ ബാലകൃഷണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ,എഫ് എസ് ഇ ടി ഒ ജനറൽ സെക്രട്ടറി മാത്തുക്കുട്ടി ടി സി, സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി അശോക് കുമാർ കെ എൻ , തുടങ്ങിയവർ സംസാരിച്ചു. സ്പാറ്റൊ ജനറൽ സെക്രട്ടറി ഡോ. കെ ഗോപകുമാർ റിപ്പോർട്ടും, ട്രഷറർ പി. അജിത് കുമാർ കണക്കും അവതരിപ്പിച്ചു. സ്പാറ്റൊ വൈസ് പ്രസിഡന്റ് ബിന്ദു വി.സി സ്വാഗതവും, സെക്രട്ടറി എസ്.ബി ബിജു നന്ദിയും രേഖപ്പെടുത്തി.